മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!




(ഭാഗം 2)


 നബി (സ്വ) യുടെ ഈ അത്ഭുത യാത്രയ്ക്ക് ( ഇസ്റാഉം മിഅ്റാജും ) പിന്നിലെ ഹിക്മത്ത് എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൽ പ്രപഞ്ച നാഥന്റെ ചില സാക്ഷ്യപ്പെടുത്തലുകൾ ഒളിഞ്ഞിരിപ്പുണ്ട്.


 തിരുദൂതർ അയക്കപ്പെട്ടത് മക്കാ നിവാസികൾക്ക് മാത്രമല്ല, മറിച്ച് മനുഷ്യകുലത്തിന്റെയും ജിന്ന് വർഗ്ഗങ്ങളുടെയും തന്നെ പ്രവാചകരായിട്ടായിരിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യമായി അല്ലാഹു നടത്തുന്നത്. മുൻകഴിഞ്ഞ പ്രവാചകൻമാരുടെയെല്ലാം പ്രബോധനം നിർണ്ണിത പ്രദേശത്ത് നിശ്ചിത സമയത്തേക്ക് മാത്രമായിരുന്നു. എന്നാൽ *മുഹമ്മദ് മുസ്തഫാ (സ്വ) സ്ഥല-കാല ഭേദമന്യേ മാർഗദർശിയായിട്ടാണ് നിയോഗിക്കപ്പെടുന്നത്.*


അതിനാൽ, ആകാശ ഭൂമിയുടെ സ്പന്ദനങ്ങളും പ്രവർത്തന രീതികളും നിഗൂഢ രഹസ്യങ്ങളും പ്രവാചകർ അറിഞ്ഞിരിക്കണം. കാരണം, അവരെക്കാൾ *മികച്ചൊരു പടപ്പോ അറിവുള്ള സയന്റിസ്റ്റോ ഒരിക്കലും ഭൂമിയിൽ ഭൂജാതനാകരുത്.*


 യാത്രയിൽ എടുത്തു പറയപ്പെടുന്ന ഒന്നാണല്ലോ ബുറാക്ക് എന്ന വാഹനം! എന്തിനായിരുന്നു ഇത് സംവിധാനിച്ചത് എന്ന ചോദ്യത്തിന് പലരുടെയും മറുപടി യാത്രാവേഗത വർദ്ധിപ്പിക്കാൻ എന്നായിരിക്കും.


 എന്നാൽ തദ്വിഷയകമായ ചില ണ്ഡിത നിരീക്ഷണങ്ങൾ തികച്ചും ത്രസിപ്പിക്കുന്നതാണ്. *'വേഗത കൂട്ടാനല്ല, കുറക്കാനായിരുന്നു ബുറാക്ക്'* എന്നായിരുന്നു അവരുടെ കണ്ടെത്തൽ.


 മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സ്വ/ ഒന്നനാകാശം വരെയുള്ള യാത്രയ്ക്കായിരുന്നു ബുറാക്ക് ഉപയോഗിച്ചിരുന്നത്. അവിടുന്നങ്ങോട്ട് തന്റെ നാഥനിലേക്കുള്ള യാത്രയിൽ ബുറാക്കിന്റെ ഉപയോഗം പരാമർശിക്കപ്പെടുന്നേയില്ല. ഈ യാത്ര ബുറാക്കിനേക്കാൾ എത്രയോ മടങ്ങ് വേഗത്തിലായിരുന്നു.


 എങ്കിൽ പിന്നെ ആദ്യം മുതൽക്കേ ബുറാക്കിനെ ഒഴിവാക്കിയുള്ള യാത്ര മതിയായിരുന്നില്ലേ എന്ന സംശയം ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനും ഉന്നയിക്കേണ്ടതാണ്. പക്ഷേ *അത്രയും വേഗത്തിലുള്ള യാത്രയായിക്കഴിഞ്ഞാൽ മസ്ജിദുൽ അഖ്സ്വയിൽ ഇറങ്ങാൻ കഴിയാതെ വരും. അതിനാൽ യാത്രയുടെ വേഗമൊന്ന് കുറക്കണം... അതിന് ബുറാക്കിനെ ഉപയോഗിക്കേണ്ടി വന്നു!*

 (الله ورسوله أعلم)


 അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചോർക്കാൻ ഖുർആനിലൂടെ അവൻ നിരന്തരം മനുഷ്യകുലത്തോട് കൽപ്പിക്കുന്നുണ്ട് (أفلا تعقلون). ആധുനിക പണ്ഡിതർ ഇതിനു നൽകിയ മറുപടി; *"കേവലം ചിന്തിക്കുക എന്നതിലുപരി നിങ്ങൾക്ക് അല്ലാഹു നൽകിയ ബുദ്ധിയുടെ ഏറ്റവും ശേഷിയുള്ള ഭാഗംകൊണ്ട് (The Prefrontal Cortex) കൂടി നിങ്ങൾ ചിന്തിക്കുന്നില്ലേ..."* എന്നാണ്. ദീനിലെ ദൃഷ്ടാന്തങ്ങളെ ഈ നിലക്ക് സമീപിച്ചാൽ ഇതിനുപിന്നിലെ കലാകാരനെ നമുക്ക് കണ്ടെത്താനാകുമെന്നത് തീർച്ച! ❣️

(തുടരും)


✍️ *ശിബിൽ ചാപ്പനങ്ങാടി*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം