ഖൈബറും കീഴടക്കി ഇസ്ലാം



മദീനയിൽ ഉണ്ടായ സംഭവ വികാസങ്ങൾ അറിഞ്ഞ കച്ചവടക്കാരനായ ഒരു ജൂതൻ വേഗത്തിൽ ഖൈബറിലേക്ക് പോയി അവിടുത്തെ രാജാവായ മുറഹിബിനോട് വരാനിരിക്കുന്ന വലിയ വിപത്തിനെ കുറിച്ച് ഉണർത്തി

"മുഹമ്മദിൻറെ തലയെടുത്തിട്ട് മടങ്ങിവരികയുള്ളൂ എന്ന് പറഞ്ഞ ഹജ്ജാശ് ബിന് മുൻതിർ ഇപ്പോൾ അതാ ഇസ്ലാം സ്വീകരിച്ച് മുസ്ലിം സൈന്യത്തിന്റെ ഉപ സൈന്യാധിപനായി ഖൈബർ ആക്രമിക്കാൻ വേണ്ടി വരുന്നു."

മുറഹിബ് വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഉടൻതന്നെ അയാൾ പ്രതിനിധി സഭ വിളിച്ചുകൂട്ടി. മുറഹിബ് സംസാരിക്കാൻ ആരംഭിച്ചു

"മുഹമ്മദിനെ വധിക്കുമെന്ന് ഉറച്ച ബോധത്തോടുകൂടിയാണ് നാം ഹജ്ജാശിനെ മദീനയിലേക്ക് അയച്ചത് എന്നാൽ അയാൾ മതം മാറി മുഹമ്മദിൻ്റെ ഉപ സൈന്യാധിപനായി വിശാലമായ ഈ ഖൈബർ ഭൂമിക ആക്രമിക്കാൻ വേണ്ടി വരികയാണ് ഖൈബർ കോട്ടയുടെ തന്ത്രപ്രധാനമായ പല രഹസ്യങ്ങളും അറിയാവുന്ന ഹജ്ജാശിൻ്റെ സഹായത്തോടു കൂടി അവർ നമ്മെ എളുപ്പത്തിൽ കീഴടക്കാം എന്നാണ് കരുതിയിരിക്കുന്നത് എന്നാൽ ഒന്നര ലക്ഷത്തോളം വരുന്ന സൈനിക സന്നാഹം ഉള്ള, വിപുലമായ ആയുധ ശേഖരങ്ങൾ ഉള്ള നമ്മെ പരാജയപ്പെടുത്താൻ അവർക്ക് കഴിയുകയില്ല അവർ വന്നാലുടനെ തന്നെ ഒരു പോരിന് ഇറങ്ങി അവരെ നാം വേരോടെ പിഴുതെറിയും"

ഇതും പറഞ്ഞു മുറഹിബ് തൻ്റെ വാക്കുകൾക്ക് വിരാമം ഇട്ടു. ഇത് കേട്ട ഉടനെ തന്നെ മുറഹിബിന്റെ മന്ത്രി മുറത് ബിന് മർവാൻ പറഞ്ഞു

"അങ്ങ് വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ നാം എടുത്തുചാടി യുദ്ധത്തിൽ ഇറങ്ങിയാൽ പരാജയം ഉറപ്പാണ്.കാരണം മരിക്കാൻ ഭയമില്ലാത്ത ഒരു കൂട്ടമാണ് മുഹമ്മദിൻ്റെ സൈന്യം. രക്തസാക്ഷിത്വത്തെ കൊതിക്കുന്നവരാണവർ. കൂടാതെ ഇവിടുത്തെ യുദ്ധതന്ത്രങ്ങൾ അറിയുന്ന ഹജ്ജാശും അവരുടെ കൂടെയുണ്ട്. അതുകൊണ്ട് ഒരു പോരിന് ഇറങ്ങാതെ കോട്ട വാതിലുകൾ അടച്ച് ഇതിൻറെ ഉള്ളിൽ നമുക്ക് കഴിയാം ഒരു വർഷം കഴിയാനുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും നമ്മുടെ ശേഖരത്തിൽ ഉണ്ട്. ചുറ്റും കൂടുന്ന മുസ്ലിം സൈന്യത്തെ കോട്ടയ്ക്കുള്ളിൽ ഉള്ള പഴുതിൽ നിന്ന് അമ്പെയ്തു കൊണ്ട് നമുക്ക് പിന്തിരിപ്പിക്കാം".

മർവാൻ്റെ ഈ നിർദ്ദേശം മുറഹിബ് അംഗീകരിച്ചു. ഖൈബറിൽ എത്തിയ മുസ്ലിം സൈന്യം കണ്ടത് അടയ്ക്കപ്പെട്ട കോട്ടകളെയാണ്. കോട്ടകളുടെ അടുത്തുനിന്ന് ശക്തമായ അമ്പെയ്ത്ത് ഉണ്ടായപ്പോൾ മുസ്ലിം സൈന്യം അല്പം ഒന്ന് മാറി തമ്പടിച്ചു. 


ഉള്ളിലുള്ള ജൂതന്മാരെ ശക്തമായി ഉപരോധിക്കാമെന്ന് ഒരു വിഭാഗം സ്വഹാബത്ത് അഭിപ്രായപ്പെട്ടു. എന്നാൽ ഉപരോധം കൊണ്ട് പ്രയോജനമില്ലെന്നും ദീർഘകാലം കഴിഞ്ഞ് കൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റും കോട്ടയ്ക്ക് ഉള്ളിൽ ഉണ്ടെന്നും ഹജ്ജാശ് അവരെ ബോധ്യപ്പെടുത്തി. അതിനുള്ള പരിഹാരം എന്താണെന്ന് നബി തങ്ങൾ ഹജ്ജാശിനോട് ആരാഞ്ഞു. കോട്ടയുടെ പുറകിലുള്ള ഒരു വാതിൽ ദുർബലമാണെന്നും അതിലൂടെ അകത്തു കടന്നാൽ ആയുധം ശേഖരിച്ചു വച്ചിരിക്കുന്ന സ്ഥലത്തേക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കും എന്ന് ഹജ്ജാശ് നബി തങ്ങളെ അറിയിച്ചു. ഇത് അംഗീകരിച്ച നബി തങ്ങൾ ഹജ്ജാശിനെയും കുറച്ച് ആളുകളെയും പിറകിലെ വാതിലിലേക്ക് അയക്കുകയും എന്നാൽ ഈ വിവരം മുൻകൂട്ടി മനസ്സിലാക്കിയ ജൂതന്മാര് ശക്തമായ അമ്പെയ്ത്ത് നടത്തുകയും അതിൽ ഒരമ്പ് കൊണ്ട് ഹജ്ജാശിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മുസ്ലീങ്ങളുടെ തമ്പിലേക്ക് ഹജ്ജാശിനെ കൊണ്ടുവരികയും പരിക്ക് ഗുരുതരമായ ഹജ്ജാശ് അവിടെ വച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഹജ്ജാശ് ഇബ്നു മുൻതിർ നാളെ എൻറെ കൂടെ സ്വർഗത്തിൽ ആയിരിക്കുമെന്ന് അള്ളാൻ്റെ റസൂല് പ്രഖ്യാപിച്ചു. അങ്ങനെ റസൂലുള്ളായെ വധിക്കാൻ പുറപ്പെട്ട ഒരു മനുഷ്യൻ സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട മഹത്തുക്കളിൽ ഉൾപ്പെട്ടു.


 കോട്ടയ്ക്കുള്ളിൽ നിലയുറപ്പിച്ച ജൂതന്മാരെ പുറത്തെത്തിക്കാൻ പ്രവാചകൻ(സ) ഒരു ബുദ്ധി പ്രയോഗിച്ചു. വളർന്ന പന്തലിച്ചു കിടക്കുന്ന അവരുടെ സ്വത്തിന്റെ ഏറ്റവും വലിയ അംശമായ ഈന്തപ്പന മരങ്ങൾ മുറിക്കാൻ നബി തങ്ങൾ കൽപ്പിച്ചു. അങ്ങനെ സ്വഹാബത്ത് ഈന്തപ്പന മരങ്ങൾ ഓരോന്നായി മുറിക്കാൻ തുടങ്ങി.ഈ കാഴ്ച കണ്ട മുറഹിബ് ഞെട്ടി വിറയ്ക്കാൻ തുടങ്ങി. തങ്ങളുടെ സമ്പത്തിന്റെ സ്രോതസായ ഈന്തപ്പന മരങ്ങൾ മുറിക്കുന്നത് കണ്ടപ്പോൾ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല ഉടൻ തന്നെ കോട്ടവാതിൽ തുറന്നു യുദ്ധം തുടങ്ങാൻ മുറഹിബ് കൽപ്പിച്ചു. പ്രവാചകൻ(സ)യുടെ ബുദ്ധി ഫലം കണ്ടു. ജൂത പടയാളികൾ ഓരോന്നോരോന്നായി കോട്ട വാതിലുകൾ തുറന്നു വെളിയിലേക്ക് ഇറങ്ങി.

അങ്ങനെ ഘോരമായ യുദ്ധം ആരംഭിച്ചു. കനത്ത പോരാട്ടം ആയിരുന്നു അത്. യുദ്ധം ആദ്യം ഒന്നും ഫലം കണ്ടില്ല എന്നാൽ അവസാനം യുദ്ധത്തിൻറെ നേതൃത്വം മഹാനായ അലി(റ) വിന് പ്രവാചകൻ (സ) നൽകി. 


ഖൈബറിലെ മുറത്ത് ബിന് മർവാൻ ഉൾപ്പെടെയുള്ള പല പേരുകേട്ട പോരാളികളെയും അലി(റ) വെട്ടി വീഴ്ത്തി. അവസാനം മുറഹിബിന് പടവെട്ടുമ്പോൾ പരിച നഷ്ടപ്പെട്ട അലി(റ) വിഖ്യാതമായ ഖൈബർ കോട്ടയുടെ വാതിൽ പരിചയാക്കി പോരാടി മുറഹിബിനെ വകവരുത്തി വലിയ വിജയം കരസ്ഥമാക്കി. യുദ്ധത്തിൽ കീഴടങ്ങിയ ജൂതന്മാർക്ക് പ്രവാചകൻ (സ) മാപ്പ് നൽകുകയും അവരുടെ സമ്പത്തിന്റെ ഒരു വിഹിതം അവർക്ക് തന്നെ മടക്കി നൽകുകയും ആണ് ചെയ്തത് ഈ സംഭവത്തിൽ പ്രവാചകൻ (സ)യുടെ മഹത്വം മനസ്സിലാക്കിയ പലരും പരിശുദ്ധമായ ഇസ്ലാം സ്വീകരിച്ചു. അങ്ങനെ വിഖ്യാതമായ ഖൈബർ ഭൂമിക ഇസ്ലാമിന് അധീനപ്പെട്ടു.


✍️ *സ്വബാഹ് അബ്ദുസ്സലാം തിരുവല്ല*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം